5 ബിയിൽ നിന്ന് ജയിച്ചാൽ 6 സി യിലേക്കാണ് ക്ലാസ് കയറ്റം കിട്ടുക. സ്റ്റാഫ്റൂമിന്റെ അടുത്തായിരുന്നു പുതിയ ക്ലാസ്.ഞങ്ങളുടെ ബഹളം കേട്ട് ചൂരലും കണ്ണുരുട്ടലും ഒക്കെ ആയി ഏതെങ്കിലും മാഷോ ടീച്ചറോ ഓടി വരും. ഒരു ഹാളിനെ രണ്ടായി തിരിച്ച് 6.സി . 7.എ എന്നിങ്ങനെ രണ്ട് ക്ലാസ് മുറികളാക്കിയിരിക്കുന്നു.ഇവിടെ നടക്കുന്നത് അവിടേം അവിടെ നടക്കുന്നത് ഇവിടേം നല്ല വ്യക്തമായി കാണുകയും കേൾക്കുകയും ചെയ്യാം ..അടിയോ വഴക്കോ കിട്ടുമ്പോഴാണ് രസം . സ്വന്തം ക്ലാസ്സിൽ ഉള്ളവരെ കൂടാതെ അപ്പുറത്തുള്ളവരും അറിയും. അതൊരു വലിയ പ്രശ്നം തന്നെ . അല്ലെങ്കിലും അതൊക്കെ നോക്കി ഇരിക്കാൻ ഒരു പ്രത്യേക താല്പര്യമാണല്ലോ.
നീളത്തിലുള്ള ഒരു ചുമർ ഒഴിവാക്കിയത് കൊണ്ട് തന്നെ ക്ലാസ്സിൽ നല്ല വെളിച്ചം ആയിരുന്നു.സ്കൂളിലെ പ്രധാന പരിപാടികൾ ഒക്കെ നടത്താനും ഈ ഹാൾ ഉപയോഗിച്ചു പോന്നു. ശാസ്ത്രം പഠിപ്പിക്കുന്ന സൂര്യൻ മാഷ് ആയിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചർ. പഠിക്കാനൊക്കെ അത്യാവശ്യം ഉണ്ട് .എങ്കിലും കഷ്ടപ്പാട് ഒന്നുമില്ല . ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കും അത് കഴിഞ്ഞാൽ പിന്നെ പഠിക്കുന്നത് പരീക്ഷക്കായിരിക്കും .ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ ഇടക്കിടക്ക് ഓർക്കുന്നത് നല്ലതാണ് എന്ന് അധ്യാപകർ പറയാറുണ്ട്.ഉറങ്ങുന്നതിന് മുമ്പ് എല്ലാം ഒന്ന് ഓർത്തു നോക്കണം പിന്നെ ഒരിക്കലും അതൊന്നും മറക്കില്ല.അതൊക്കെ ചെയ്തതിനാലായിരിക്കാം പല പാഠങ്ങളും ഇപ്പോഴും മനഃപാഠമാണ് .
തലേ ദിവസം കൊണ്ട് വെച്ച ബാഗ് അതേ പോലെ തന്നെ പിറ്റേ ദിവസം എടുത്ത് പാട വരമ്പിലൂടെ കഥകൾ പറഞ്ഞ് ആടി പാടി ഒരു നടത്തം ഉണ്ട് .പോകുന്ന വഴിക്ക് മഞ്ഞയും വയലറ്റും നിറത്തിലുള്ള കോളാമ്പിപ്പൂവ് പറിച്ച് ബാഗിലിടും. ചിലനിച്ചെടിയുടെ പൂവും കായയും വേറെ സ്റ്റോക്ക് ഉണ്ടാവും .തൂവൽ,അപ്പൂപ്പൻ താടി തുടങ്ങിയവയ്ക്കും ക്ഷാമമില്ല. ഇങ്ങനെ പോയാൽ അഞ്ച് മിനുട്സ് കൊണ്ട് സ്കൂളിലെത്തേണ്ട ദൂരം കുറഞ്ഞത് അര മണിക്കൂറെങ്കിലും വേണ്ടി വരും എന്നുള്ള കാര്യം പറയേണ്ടതില്ലല്ലോ.ഇതുകൊണ്ടൊക്കെ തന്നെ ഉപ്പയുടെ കൂടെ പോവുന്നത് ഒഴിവാക്കി.മിക്കവാറും പ്രാർത്ഥനക്ക് ബെല്ലടിക്കുമ്പോൾ ഓഫീസ് റൂമിന്റെ മുമ്പിലെത്തിയിട്ടുണ്ടാവും. ആ ബെൽ കേട്ടാൽ പിന്നെ എത്തിയ സ്ഥലത്തു നിന്നോണം.ഹിന്ദി മാഷ് കണ്ണുരുട്ടി ഒരു നോട്ടമുണ്ട്. പ്രാർത്ഥന കഴിഞ്ഞ ഓടാൻ നേരം മാഷ് അവിടെ പിടിച്ച നിർത്തും.”കുഞ്ഞാമി നിനക്കൊന്ന് നേരത്തെ വന്നൂടെ? ” നാളെ നേരത്തെ വരാം മാഷേ എന്ന് പറഞ്ഞിട്ട് മെല്ലെ മുങ്ങും.നാളെയും ഇത് തന്നെ അവസ്ഥ.
ഒരു ദിവസം ക്ലാസ്സിലേക്ക് ഉപ്പ ഒരു പാഴ്സൽ കൊണ്ട് തന്നു .ആദ്യമായിട്ട് പോസ്റ്റിൽ എന്റെ പേരിൽ ഒരു പാക്കറ്റ് വന്നിരിക്കുന്നു.വളരെയധികം സന്തോഷം തോന്നി.തുറന്ന് നോക്കിയപ്പോൾ ഷെർലക് ഹോംസിന്റെ ഡിറ്റക്റ്റീവ് നോവലും അറബിക്കഥകളുടെ മറ്റൊരു പുസ്തകവും ഇംഗ്ലീഷ് ഗ്രാമറിന്റെ രണ്ട് പുസ്തകങ്ങളും ഉണ്ടായിരുന്നു. “ഒരു വർഷത്തേക്കുള്ള പണമടച്ചിട്ടുണ്ട്. ഇനി എല്ലാ മാസവും ഇത്പോലെ നാല് പുസ്തകങ്ങൾ മുടങ്ങാതെ പോസ്റ്റിൽ വരും.ഓഫീസ് റൂമിൽ ഒരാൾ വന്ന് ഓർഡർ എടുത്തിട്ട് പോയതാ ” വീട്ടിലെത്തിയപ്പോഴാണ് ഉപ്പ ഈ വിവരം പറയുന്നത്.പിന്നീടങ്ങോട്ട് പുസ്തകങ്ങൾക്കായി കാത്തിരിപ്പായിരുന്നു.വായനയും എഴുത്തുമൊക്കെ തുടങ്ങാനുണ്ടായ കാരണം ഈ പുസ്തകങ്ങൾ തന്നെ എന്നതിൽ സംശയമില്ല.
ഈ വർഷത്തെ പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്ന് എനിക്ക് സ്കൂളിൽ നിന്ന് ഒരടി കിട്ടി. അതും ഉപ്പയുടെ ക്ലാസ്സിൽ.വല്ലപ്പോഴുമൊക്കെ ഹോംവർക്സ് തരാറുണ്ടെങ്കിലും ചെയ്യാത്തവർക്ക് അടിയൊന്നും കിട്ടാറില്ല. അന്ന് നിർഭാഗ്യവശാൽ എഴുതാത്തവരോട് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു .എന്നും ക്ലാസ്സിൽ പറയുന്നതൊക്കെ ചെയ്യുന്ന ഞാൻ അന്നാണെങ്കിൽ എഴുതിയിട്ടുമില്ല. എല്ലാവരും എഴുന്നേറ്റു നിന്നു . ചൂരൽ കൊണ്ട് കയ്യിൽ നല്ല ഉഷാർ അടി. എല്ലാവരുടെയും മുമ്പിൽ വെച്ച് ഉപ്പ അടിച്ചപ്പോൾ കയ്യിനെക്കാൾ വേദനിച്ചത് മനസ്സായിരുന്നു .
“അല്ലെങ്കിൽ ഉപ്പ അടിക്കാറില്ലല്ലോ. ഇന്ന് ഞാൻ ഉള്ളത് കൊണ്ട് ഉപ്പാക്ക് അടിക്കാതിരിക്കാമായിരുന്നില്ലേ” എന്ന് വീട്ടിലെത്തിയപ്പോൾ ഞാൻ ചോദിച്ചു .ഉപ്പയുടെ മറുപടി ഇതായിരുന്നു ” നീ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ അടിച്ചത്. ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ കുട്ടി ചെയ്യുന്നില്ലെങ്കിൽ എനിക്കെങ്ങനെ മറ്റുള്ള കുട്ടികളെ ഉപദേശിക്കാൻ പറ്റും ?” . ആ വാക്കുകൾ മനസ്സിൽ പതിഞ്ഞത് വളരെ ആഴത്തിൽ ആയിരുന്നു . ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് ഞാൻ പ്രതിജ്ഞ ചെയ്ത് നല്ല കുട്ടി ആയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ക്ലാസ്സുകളും പരീക്ഷകളും കലാ-കായിക മേളകളും പതിവ് പോലെ നടന്നു.
ഉപ്പ അഞ്ച് വർഷത്തെ ലീവിൽ ഗൾഫിലേക്ക് പോകുന്നു.വേനലവധിക്ക് ഞങ്ങൾ കൊല്ലത്തേക്ക് പോയി.തിരുവനന്തപുരം എയർപോർട്ടിൽ നിന്നായിരുന്നു ഉപ്പ ബഹ്റൈനിലേക്ക് പോയത്.ശേഷം മെയ് അവസാനം വരെയും ഞങ്ങൾ കൊല്ലത്തു തന്നെ ആയിരുന്നു.വർഷത്തിലൊരിക്കൽ പോകുന്നത് കൊണ്ട് വേനലവധി നന്നായി കളിച്ച് തകർക്കും . വളരെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങൾ അവിടുണ്ട്.അത് അടുത്ത ബ്ലോഗിൽ…