സ്കൂൾ ലീഡറുടെ അനിയത്തി

ഉപ്പയുടെ സ്കൂളിലേക്ക് മാറ്റി ചേർത്തത് കൊണ്ട് നാലാം ക്ലാസ് തുടങ്ങുന്നതും കാത്തിരിപ്പായിരുന്നു.”മാഷിൻ്റെ മോൾ” എന്ന ഒരു പരിഗണനയും ബഹുമാനവും എപ്പോഴും കൂട്ടുകാർക്കിടയിൽ പോലും കിട്ടിയിരുന്നത് കൊണ്ടായിരിക്കാം ആ സ്കൂളിനെ ഇത്രയധികം ഇഷ്ടപെട്ടത്. ഞാൻ നാല്‌.ബി യിൽ ആയിരുന്നു . കണക്ക് പഠിപ്പിക്കുന്ന ബിന്ദു ടീച്ചർ ആയിരുന്നു ക്ലാസ് ടീച്ചർ .പാവമായത് കൊണ്ട് തന്നെ ടീച്ചറെ ആർക്കും ഒരു പേടിയുമില്ല. വല്ലപ്പോഴും ഹെഡ് മാഷ് വടിയെടുത്ത് ക്ലാസ്സിലേക്കൊരു വരവുണ്ട്.ദൂരെ നിന്ന് കാണുമ്പോൾ തന്നെ എല്ലാവരും ഓടി ക്ലാസ്സിൽ കയറും. ക്ലാസ്സിൽ ആണെങ്കിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത .
എന്ത് നല്ല കുട്ടികൾ.ഇതൊന്നുമറിയാതെ ചിലർ എവിടെയെങ്കിലും പോയിട്ട് ആടിപ്പാടി വരുന്നുണ്ടാവും.അവർക്ക് പ്രത്യേകം ചൂരൽ കഷായം ഉണ്ടായിരിക്കും.

ഈ വർഷം ഇക്ക സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു .ഏഴിൽ പഠിക്കുന്നവരാണ് മത്സരിക്കുക .ഓരോ ഡിവിഷനിൽ നിന്നും ഓരോ മത്സരാർത്ഥികൾ വീതം .അങ്ങനെ ഇക്ക സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.എനിക്കാണെങ്കിൽ നല്ല ഗമ.സ്കൂൾ ലീഡറുടെ അനിയത്തി അല്ലെ.അസ്സംബ്ലിയിൽ ഇക്ക പ്രതിജ്ഞ ചൊല്ലിത്തരുമ്പോഴൊക്കെ ഭയങ്കര സന്തോഷം തോന്നും.

ഓണാവധി കഴിഞ്ഞാൽ സബ് -ജില്ലാ കലോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.എൽ പി യെ പ്രതിനിധീകരിച്ച് ഞാനും യു പി യിൽ നിന്ന് ഇക്കയും കലാപരിപാടികൾക്ക് പങ്കെടുക്കുന്നുണ്ടായിരുന്നു.ഉപ്പ നന്നായി പാട്ട് പാടുന്നത് കൊണ്ട് പഠിപ്പിക്കാൻ ആളെ അന്വേഷിച്ചു പോവേണ്ടി വന്നിട്ടില്ല.മത്സര ദിവസം രാവിലെ ഞങ്ങൾ രണ്ട് പേരും നല്ല അടിയുണ്ടാക്കി.എന്തിനാണെന്ന് ഓർമയില്ല . “നല്ല ഒരു കാര്യത്തിന് ഇറങ്ങുമ്പോൾ രണ്ടും കൂടി അടി ഉണ്ടാക്കിക്കോളും.പിന്നെങ്ങനെയാ സമ്മാനം കിട്ടുക” എന്ന് ഉമ്മ പറയുന്നുണ്ടായിരുന്നു.പക്ഷെ അത് വെറും കുറച്ച് നേരത്തേക്കുള്ള വഴക്കാണ്.പോകും വഴി ഞങ്ങൾ കഥകൾ ഒക്കെ പറഞ്ഞാണ് പോയത്.കലോത്സവം ദൂരെയുള്ള ഒരു സ്കൂളിൽ വെച്ചായിരുന്നത് കൊണ്ട് നേരത്തെ തന്നെ ഞങ്ങളുടെ സ്കൂളിൽ എത്തണമെന്ന് പറഞ്ഞിരുന്നു.
ഞാൻ ആദ്യമായാണ് സബ്-ജില്ലയിൽ മത്സരിക്കുന്നത്.അതുകൊണ്ട് തന്നെ ചെറിയ പേടിയുണ്ടായിരുന്നു.

എന്തായാലും പരിപാടികൾ ഒക്കെ കഴിഞ്ഞു ഫലം വന്നപ്പോൾ ഇക്കാക്ക് ഫസ്റ്റ് എ ഗ്രേഡ് എനിക്ക് സെക്കന്റ് ബി ഗ്രേഡ് .രാവിലെ വഴക്കുണ്ടാക്കി ഇറങ്ങിയെങ്കിലും രണ്ട് പേരും സമ്മാനങ്ങളുമായാണ് വീട്ടിലെത്തിയത്.

ഇക്ക പിന്നീട് ജില്ലയിലേക്ക് മത്സരിച്ചു.ഇക്കാക്ക് ഇതൊക്കെ നിസ്സാരം ആയിരുന്നു.മിക്കപ്പോഴും ഫസ്റ്റ് തന്നെ കിട്ടാറുണ്ട്.മുമ്പ് എൽ പി വിഭാഗം സബ്-ജില്ലാ കലാപ്രതിഭ ആയിരുന്നു.
ഇതിന്റെ ഒന്നും അംഗീകാരം ഞങ്ങൾക്കുള്ളതല്ല.ഞങ്ങൾ എന്തൊക്കെ നേടിയിട്ടുണ്ടെങ്കിലും മുഴുവൻ പ്രശംസയും ഉപ്പാക്ക് മാത്രമുള്ളതാണ് .അന്നും ഇന്നും.

2 thoughts on “സ്കൂൾ ലീഡറുടെ അനിയത്തി

Leave a comment