ബാല്യം

ഞാൻ ജനിച്ചതും മൂന്നര വയസ്സ് വരെ വളർന്നതും കൊല്ലം ജില്ലയിൽ ആയിരുന്നു.ചെറുപ്പകാലം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അടുത്തുള്ള ഒരു വീട്ടിൽ അക്ഷരമാല പഠിക്കാൻ പോയതാണ് . കൈ കൊണ്ട് മണലിൽ എഴുതിച്ചതൊക്കെ ഓർമ ഉണ്ട്.എത്ര ദിവസം അവിടെ പോയെന്ന് അറിയില്ല. അവിടൊന്നും വൃത്തിയില്ല എന്ന് പറഞ്ഞ് ഉടനെ തന്നെ പഠിപ്പ് നിർത്തി.ബന്ധുവീടുകളിൽ പോയാലും ഇത് തന്നെ ആയിരുന്നു അവസ്ഥ . കന്നുകാലികൾ ഉള്ള വീട് ആണെങ്കിൽ അവിടൊക്കെ മണമാണ് എന്ന് പറഞ്ഞു ആ വഴിക്കു പോവില്ല. അല്ലെങ്കിൽ മുറ്റത്തോ വഴിയിലോ ചെളി വെള്ളം കണ്ടാലും മതി .അന്ന് ഒരു ബന്ധു പറഞ്ഞിരുന്നത്രെ ” ഇങ്ങനെ പോയാൽ മോളെ കെട്ടിക്കാൻ ഒരുപാട് കഷ്ടപ്പെടും” എന്ന് .ഭാഗ്യത്തിന് അത് അറം പറ്റിയില്ല .

ഒരുപാട് കാലം വരെ ഞാൻ അങ്ങനൊക്കെ തന്നെയായിരുന്നു.പ്രകൃതിയെ അറിയാനും ഇഷ്ടപ്പെടാനും സമയമെടുത്തു.

വാപ്പിച്ചി അദ്ധ്യാപകൻ ആയിരുന്നത് കൊണ്ട് മലപ്പുറത്തേക്ക് ഞങ്ങൾ താമസം മാറ്റി.ആദ്യ കാലത്തൊക്കെ മലപ്പുറം ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു എന്ന് ഉമ്മിച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.വാപ്പിച്ചി , ഉമ്മിച്ചി എന്നൊക്കെ കേൾക്കുമ്പോൾ തന്നെ എല്ലാവരും കളിയാക്കും.അന്ന്മലപ്പുറത്തൊക്കെ എല്ലാവരും ഉപ്പ ഉമ്മ എന്നാണ് വിളിക്കാറുള്ളത്.ക്രമേണ ഞങ്ങളും അങ്ങനെയായി .

നിറയെ പാടങ്ങളും തോടുകളും കുളങ്ങളുമുള്ള ഒരു ഗ്രാമം .പട്ടണത്തിൽ ജീവിച്ച ഞങ്ങൾക്ക് അതൊരു പുതിയ ലോകം ആയിരുന്നു.വൈകുന്നേരമായാൽ തവളകളുടെയും ചീവിടുകളുടെയും നിർത്താതെ ഉള്ള കരച്ചിൽ കേൾക്കാം.വീടിന്റെ അകത്തു വരെ നിറയെ മിന്നാമിനുങ്ങുകൾ.

ഒരിക്കൽ ഒരു അപ്പൂപ്പൻ കുറെ താറാവ് കൂട്ടവുമായി വന്നു.ഞങ്ങളുടെ വീടിന്റെ അടുത്ത തന്നെ വലയൊക്കെ വിരിച്ച താമസമൊരുക്കി.ഇത്രയധികം താറാവുകളെ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു.പകലൊക്കെ പാടത്തേക്ക് ഇറക്കി വിടും.വെള്ളത്തിൽ നീന്തുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗി തന്നെ.ഞാനവയെ നോക്കി നില്കും..താറാവിന്റെ മുട്ടകൾ വാങ്ങാൻ ആളുകൾ വന്നിരുന്നു.ആകെ ഒരു ബഹളമയം. കുറച്ചു ദിവസം ഞാൻ താറാവുകളുടെ കൂടെ തന്നെയായിരുന്നു.

ആയിടക്കാണ് ഉപ്പ എന്നെ ഹിന്ദി പഠിപ്പിച്ചു തുടങ്ങിയത് . ഒരുപാട് ഒന്നുമല്ലെങ്കിലും അത്യാവശ്യം പേരുകളും ചെറിയ വാചകങ്ങളും ഞാൻ പഠിച്ചു.

നാല് വയസ്സാവാറായത് കൊണ്ട് കാത് കുത്ത് നടത്തി.തട്ടാൻ വന്നതും പേന കൊണ്ട് അടയാളപ്പെടുത്തിയതും കുത്തിയതുമൊക്കെ ഓർമയിലുണ്ട്.ഉമ്മ അന്ന് പായസം വെച്ചിരുന്നു.കാത് കുത്തുന്ന അന്ന് പായസം വെക്കണമത്രേ

.സ്കൂളിൽ ചേർക്കുന്നതിന് മുമ്പുള്ള ഓർമകളാണ് ഇതെല്ലാം.ബാക്കി ഉടൻ…

Leave a comment