വികൃതിരാമൻ

യുപി യിൽ ആയതോടെ പുതിയ വിഷയങ്ങളൊക്കെ തുടങ്ങി.അഞ്ച് ബി യിൽ ബിന്ദു ടീച്ചർ ആയിരുന്നു ക്ലാസ് ടീച്ചർ.കഴിഞ്ഞ കൊല്ലം പഠിപ്പിച്ച ടീച്ചർ അല്ല ട്ടോ.ഹെഡ് മാസ്റ്റർ ഗോവിന്ദൻ കുട്ടി മാഷിൻ്റെ മകളാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഈ ടീച്ചർ.കലോത്സവങ്ങൾക്കും ശാസ്ത്രമേളകൾക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ഒരാള് കൂടെയാണ് ടീച്ചർ.ഓരോ പരീക്ഷ കഴിഞ്ഞാലും മാർക്കിന്റെ അടിസ്ഥാനത്തിൽ മാറ്റി ഇരുത്തും.മുഴുവൻ മാർക്ക് വാങ്ങിയ ആൾക്ക് മുൻ ബെഞ്ചിൽ ആദ്യ സീറ്റ് കിട്ടും.

ഈ വർഷം മുതൽ ഉപ്പയുടെ പിരീഡും ഉണ്ട്.ക്ലാസ്സിൽ ഉപ്പ എന്ന് വിളിക്കാൻ പാടില്ല.മാഷ് എന്ന് തന്നെ വിളിക്കണമെന്നത് ഉപ്പാക്ക് നിർബന്ധമായിരുന്നു .പിന്നീട് വീട്ടിലും മാഷേ എന്ന് വിളിച്ചു തുടങ്ങി.ഇപ്പോ മക്കളും മരുമക്കളും എന്തിന് പേരക്കുട്ടികൾ വരെ മാഷ് എന്നാണ് വിളിക്കുന്നത്.

ഉപ്പാക്ക് ക്ലാസ് എടുക്കുന്നതിനൊക്കെ ഒരു പ്രത്യേക രീതി ഉണ്ടായിരുന്നു.പാട്ടിലൂടെയും കളികളിലൂടെയുമുള്ള ക്ലാസുകൾ ഒരിക്കലും ആരെയും മടുപ്പിച്ചിരുന്നില്ല.മാത്രമല്ല,ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് പഠിപ്പിക്കുക.പഠിപ്പിക്കാത്ത സമയം പോയി കളിച്ചോളാൻ പറയും.പരീക്ഷ ആവുമ്പോഴേക്കും പാഠ ഭാഗങ്ങൾ കഴിഞ്ഞിട്ടുമുണ്ടാകും.
ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസിൽ ഒരു തെറ്റുമില്ലാഞ്ഞിട്ടും അര മാർക്ക് കുറച്ചതെന്തേ എന്ന് ഉപ്പയോട് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി “വെറുതെ കുറച്ചതാണ്.മുഴുവൻ തന്നാൽ ശെരിയാവില്ല ” എന്നായിരുന്നു . പ്രോഗ്രസ്സ് കാർഡിൽ അര മാർക്കിനെ ഒന്നാക്കുന്ന പരിപാടി ഉള്ളത് കൊണ്ട് എനിക്ക് മുഴുവൻ മാർക്കും ലഭിച്ചു.
ബാലരമയും ബാലഭൂമിയും ബാലമംഗളവും അല്ലാതെ മറ്റൊരു ബുക്ക് വായിക്കാത്ത ഞാൻ ആദ്യമായി വായിച്ചത് പി .നരേന്ദ്രനാഥ്‌ എഴുതിയ “വികൃതിരാമൻ ” എന്ന പുസ്തകമായിരുന്നു.വത്സല ടീച്ചർ ആണ് അന്ന് ലൈബ്രറിയിലേക്ക് കൊണ്ട് പോയിട്ട് ഇഷ്ടമുള്ള പുസ്തകം എടുക്കാൻ പറഞ്ഞത്.എന്ത്കൊണ്ടോ ഈ പുസ്തകം കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി. വീട്ടിൽ കൊണ്ട് വന്നതും ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു.
സമയമെടുത്തു വായിക്കുന്നതിനേക്കാൾ ഇഷ്ടം പെട്ടെന്ന് വായിക്കാൻ ആണ്.പിന്നീടങ്ങോട്ട് ഒരുപാട് പുസ്തകങ്ങൾ വായിച്ച് തീർത്തു.

2 thoughts on “വികൃതിരാമൻ

Leave a comment