മലപ്പുറത്തേക്ക് .

വൈകുന്നേരം കൊല്ലത്തു നിന്ന് പുറപ്പെട്ടു പുലർച്ചെ മലപ്പുറത്തു എത്തി.നല്ല മഴയുള്ള ദിവസമായിരുന്നു.രാവിലെ അടുത്തുള്ള കുറച്ചു പേർ കാണാൻ വന്നു.
ഒന്നര വർഷം കൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ തോന്നിയില്ല .മഴക്കാലം ആയത് കൊണ്ട് തോടും പാടവും കുളങ്ങളും നിറഞ്ഞ് കവിഞ്ഞിരുന്നു.റോഡിൻറെ അരികിലൂടെ ഒഴുകുന്ന ചാലുകളിൽ സ്വർണ നിറത്തിലുള്ള ചെറിയ മീനുകളും ചേമ്പിൻ ഇലകളിൽ മുത്തുമണികൾ പോലെയുള്ള വെള്ളത്തുള്ളികളും എത്ര നോക്കിയിരുന്നാലും മതിയാവാത്ത കാഴ്ചയാണ്. .മഴക്കാലത്തെ മറ്റൊരു ആകർഷണമായിരുന്നു കനം കുറഞ്ഞ് അറ്റത്ത് മഴത്തുളളി ഉള്ള ഒരില.തൊട്ടാൽ നല്ല തണുപ്പായിരിക്കും.

വീടിനടുത്തുള്ള എൽ പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പോയി തുടങ്ങി.അവിടുത്തെ അധ്യാപകരാണ് ആദ്യമായി ആമിന എന്ന് വിളിച്ചു തുടങ്ങിയത്.ജലജ ടീച്ചർ ആയിരുന്നു ക്ലാസ് ടീച്ചർ. കണക്ക് പഠിപ്പിക്കുന്നത് ജയ ടീച്ചർ ആണ് .ഞങ്ങളെ കൊണ്ട് എഴുതിപ്പിക്കാൻ വേണ്ടി ബോർഡ് നിലത്ത് ഇറക്കി ചാരി വെച്ചിരുന്നു.ഇവരെ കൂടാതെ പ്രധാനാധ്യാപിക പ്രമീള ടീച്ചറും അറബിക് പഠിപ്പിക്കുന്ന മാഷും നൂറോളം വരുന്ന വിദ്യാർത്ഥികളും മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത് .
ആദ്യമായി യുറീക്ക പരീക്ഷ എഴുതിയത് മൂന്നിൽ പഠിക്കുമ്പോഴാണ് .കുറച്ചു ദൂരെയുള്ള സ്കൂളിലേക്ക് ജീപ്പിലായിരുന്നു യാത്ര . ആദ്യമായി ഒരുമിച്ച് പോകുന്നതിനാൽ അതൊരു ചെറിയ വിനോദയാത്ര തന്നെ ആയിരുന്നു.
ഞാൻ പഠിക്കുന്ന സമയത്ത് വെള്ളിയാഴ്ച അവധിയും ശനിയാഴ്ച പ്രവർത്തി ദിവസവും എന്ന രീതിയാണ് സ്കൂൾ പിന്തുടർന്നിരുന്നത് .വെള്ളിയാഴ്ചകളിൽ ഉപ്പയുടെ സ്കൂളിലേക്ക് പോകും .ഉപ്പയുടെ കൂടെ പോകാൻ നല്ല താല്പര്യമായിരുന്നു .പുസ്തകമൊന്നുമില്ലാതെ സ്കൂളിൽ പോയിരിക്കാൻ ഒരു പ്രത്യേക രസം തന്നെ അല്ലെ.അതുകൊണ്ട് തന്നെ ഓരോ വെള്ളിയും ആവാൻ കാത്തിരിക്കും .

One thought on “മലപ്പുറത്തേക്ക് .

Leave a comment