രണ്ടാം ക്ലാസും യൂ.കെ.ജിയും ആദ്യ സമ്മാനവും

വീടിനടുത്ത് ഒരു പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വരുന്നു. അക്ഷര നഴ്സറി സ്കൂൾ.ഞാനപ്പോൾ രണ്ടാം ക്ലാസ് തുടങ്ങുന്നതും കാത്തിരിപ്പാണ് .ഈ നഴ്സറി ഞങ്ങൾക്കറിയുന്നവരുടേതായിരുന്നു . ഞാൻ പഠിക്കുന്ന സ്കൂളിൽ ചെറിയ കുട്ടികൾക്കുള്ള ക്ലാസ്സാകട്ടെ ഉച്ചക്ക് ശേഷവും .ഇതൊക്കെ കൊണ്ട് തന്നെയാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ അക്ഷരയിലെ ആദ്യ ബാച്ചിൽ എൽ .കെ.ജി. പഠിക്കാതെ യു.കെ.ജി യിൽ എത്തിയതും . ഓല മേഞ്ഞ് താത്കാലികമായി ഉണ്ടാക്കിയ മൂന്ന് മുറികൾ . എൽ കെ ജി ക്കും , യൂ കെ ജി ക്കുമുള്ള ഓരോ മുറികളും അധ്യാപകർക്കുള്ള ഒരു ചെറിയ മുറിയും.ബെഞ്ചിലും ഡെസ്കിലും കറുത്ത നിറത്തിലുള്ള ഷീറ്റ് വിരിച്ചിരുന്നു.ഇംഗ്ലീഷിനും മലയാളത്തിനും ഓരോ അധ്യാപകർ,കുട്ടികൾക്കുള്ള സഹായത്തിനും മറ്റുമായി ഒരു ആന്റിയും.നദീറ ടീച്ചർ ആയിരുന്നു ക്ലാസ് ടീച്ചർ. മലയാളം ടീച്ചറുടെ പേര് മറന്നുപോയി.നീലയും വെള്ളയും ആയിരുന്നു യൂണിഫോം. കൂടെ കറുത്ത ഷൂസും ചുവന്ന ടൈയും.അന്നൊക്കെ മിക്ക സ്കൂളിലെയും യൂണിഫോം ഇത് തന്നെ ആയിരുന്നു.

ക്ലാസ്സിലെ മൂന്നു കുട്ടികളെ മാത്രമേ ഓർമയുള്ളു.അതിൽ ഒരാൾ നാസില.ആ കുട്ടിക്ക് ചെമ്പൻ മുടികൾ ആയിരുന്നു.അവരുടെ വീട്ടിൽ എല്ലാവർക്കും ചെമ്പൻ മുടികളാണത്രെ.അവർക്ക് “ചെമ്പൻ കുടുംബം ” എന്നൊരു പേരുമുണ്ട്.ചെമ്പൻ നാസില എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കും . എല്ലാ കാര്യങ്ങൾക്കും അവളുടേതായ ന്യായങ്ങളും ഉണ്ടായിരുന്നു . പെൻസിൽ മൂർച്ച കൂട്ടുന്നതിന്റെ ഇടയിൽ അവളുടെ കൈ മുറിഞ്ഞു. നമ്മുടെ ശരീരത്തിലെ രക്തം നഷ്ടപ്പെടുത്താൻ പാടില്ല എന്ന് പറഞ്ഞ് അത് മുഴുവൻ കുടിച്ചു.ഞങ്ങളൊക്കെ അന്ധാളിച്ചു നില്കാതെ എന്ത് ചെയ്യാൻ?
ഇനി അടുത്തത് റംസി .എന്നെ പോലെ വലിയൊരു കുട്ടി .ഒപ്പനക്ക് എൻ്റെ അതെ നിരയിൽ തന്നെ ആയിരുന്നു അവളും.റംസിയുടെ അനിയൻ റിയാസ് അന്ന് എൽ കെ ജി യിലുണ്ടായിരുന്നു .
മറ്റൊരാൾ മുഹ്സിന .എന്ത് പറഞ്ഞാലും ഒരക്ഷരം മിണ്ടില്ല .നല്ല സുന്ദരിക്കുട്ടി ആയിരുന്നു. മഞ്ഞ നിറത്തിലുള്ള വേഷമിട്ട് നൃത്തമാടിയത് ഓർമയിലുണ്ട്.

അക്ഷരയിൽ ഉച്ച വരെയേ പഠിപ്പിക്കുകയുള്ളൂ..ബെഞ്ചും ഡെസ്കും എല്ലാം ചുമരിനോട് അടുപ്പിച്ചതിനു ശേഷം നിലത്തു പായ വിരിച്ച് അതിലിരുന്നാണ് ഉച്ച ഭക്ഷണം കഴിക്കുക.അത് കഴിഞ്ഞാൽ എല്ലാവരും കുറച്ചു നേരം ഉറങ്ങണം .ഉറങ്ങി എണീറ്റാൽ പാട്ടും ഡാൻസും കളികളും.ഇന്നത്തെ സ്കൂളുകൾ ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു .

ഉച്ചഭക്ഷണം കഴിഞ്ഞയുടൻ ഞാൻ യൂ കെ ജി യിൽ നിന്ന് അടുത്ത സ്കൂളിലെ രണ്ടാം ക്ലാസ്സിലേക്ക് .
വലിയൊരു മൈതാനിയിലൂടെയാണ് യാത്ര.എവിടുന്ന്നൊക്കെയോ ഉച്ചത്തിലുള്ള പാട്ടുകൾ കേൾക്കാം.മൈതാനം നിറയെ തമിഴർ ടെന്റ് അടിച്ചിരിക്കുന്നു.പല നിറത്തിലുള്ള തുണികളും ഷീറ്റുകളും കൊണ്ട് ഉണ്ടാക്കിയ താമസ സൗകര്യം.തമിഴ് സ്ത്രീകളിൽ ചിലർ ഭക്ഷണം പാകം ചെയ്യുന്നു.ചിലർ കല്ല് കൊത്തുന്നതും അവരുടെ കുട്ടികൾ കളിക്കുന്നതും കാണാം.
ഇതൊക്കെ ആസ്വദിച്ചു ഞാനങ്ങനെ നടന്നു പോകും .
സ്കൂൾ വിട്ട് വീണ്ടും അക്ഷരയിലേക്ക്. അവിടെ എന്നെ കാത്ത് ഒരാൾ നില്പുണ്ടാവും.ആറു വയസ്സുള്ള എനിക്ക് നാലര വയസ്സുള്ള എൽ കെ ജി യിൽ പഠിക്കുന്ന ഒരു മരുമോൾ(എൻ്റെ കസിന്റെ മോൾ ) ഉണ്ട്.കസിൻ (വല്യക്ക എന്ന് ഞങ്ങൾ വിളിക്കുന്നു) ഞാൻ പഠിക്കുന്ന യൂ പി സ്കൂളിലെ അധ്യാപകനാണ്.ചിലപ്പോൾ ഞങ്ങളെല്ലാവരും ഒരുമിച്ച് പോവും.മിക്കവാറും അവളും ഞാനും കൂടിയാണ് വീട്ടിലേക്ക് പോവുന്നത് .വഴിയിലുള്ളവരോടൊക്കെ സംസാരിച്ച് വീട്ടിലെത്തുമ്പോഴേക്കും ഒരു നേരമായിട്ടുണ്ടാകും.വീട്ടിലെത്തിയാൽ കളിക്കാനായി ഓടും.അവൾ വീട്ടിലേക്ക് പോവുമ്പോഴേക്കും സന്ധ്യയാകും .എന്നും ഇങ്ങനെയാണ്.

നഴ്സറിയിൽ മഞ്ചാടിക്കുരു പെറുക്കൽ മത്സരം നടത്തി .ഒരു വലിയ വട്ടം വരച്ച് അതി കുറെ മഞ്ചാടിക്കുരു വിതറിയിരിക്കുന്നു . ഒരു കൈ മാത്രമേ ഉപയോഗിക്കാവൂ .ഓരോന്നായി പെറുക്കണം. വാരരുത്‌.പെറുക്കുന്നത് ഒരു കയ്യിൽ തന്നെ ശേഖരിക്കുകയും വേണം.ഞാനും മത്സരിച്ചു.ഒന്നാം സമ്മാനം എനിക്ക് .നിറയെ ചെറിയ പൂക്കൾ ഉള്ള ഒരു ഫൈബർ പ്ലേറ്റ്.അതായിരുന്നു എനിക്ക് കിട്ടിയ ആദ്യ സമ്മാനo.സമ്മാനം കിട്ടിയ സന്തോഷത്തോടെ വീട്ടിൽ എത്തിയപ്പോൾ അതിലും വലിയ സന്തോഷം.ഉപ്പ മലപ്പുറത്തു നിന്ന് വന്നിട്ടുണ്ട് കൂടെ മലപ്പുറത്തുള്ള ചില കൂട്ടുകാരും .
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമായിരുന്നു അന്ന്.
ഈ അധ്യയന വർഷം കഴിയാൻ പോകുന്നു .വാർഷികാഘോഷങ്ങൾക്ക് വിദ്യാലയങ്ങൾ തയ്യാറെടുക്കുന്നു.
അങ്ങനെ ആ ദിനം വന്നെത്തി.രാത്രി ആയിരുന്നു ആഘോഷങ്ങൾ.അത്കൊണ്ട് തന്നെ പകൽ കിടന്നുറങ്ങാൻ എല്ലാവരോടും നിർദേശിച്ചിരുന്നു . വൈകുന്നേരം ഞങ്ങൾ സ്കൂളിലെത്തി പരിശീലനം തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോഴേക്ക് രക്ഷകർത്താക്കളും എത്തി.എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അന്നും ഉപ്പ എത്തിയിരുന്നു.
മേക്കപ്പും അലങ്കാരങ്ങളും “കരിനീല കണ്ണുള്ള…” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒപ്പന കളിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ….
രണ്ടാം ക്‌ളാസും യൂ കെ ജി യും ഒരുമിച്ച്അവസാനിച്ചു .എന്നും ഓർത്തുവെക്കാവുന്ന ഒരു പിടി നല്ല ഓർമ്മകൾ മാത്രമുള്ള കാലം..

23 thoughts on “രണ്ടാം ക്ലാസും യൂ.കെ.ജിയും ആദ്യ സമ്മാനവും

 1. Ukg യും രണ്ടാം ക്ലാസും ഒരുമിച്ചു ചെയ്തു മിടുക്കി… നന്നായിട്ടുണ്ട്…

  Liked by 1 person

 2. Hi Mam,

  Congratulations on your posts !
  The few that you let me read were so good it’s a wonder. Your voice is bright and new.Expecting much more entertaining articles through this channel.

  Am one of your blog listener from AJMAN
  Anyway wishing you all the best! Keep going…

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s