തറവാട്

Photo by Jo

പടർന്നു പന്തലിച്ച കിടക്കുന്ന പറങ്കിമാവുകൾ തറവാട് പറമ്പിന് ഏറെ മനോഹാരിതയേകിയിരുന്നു. നിറയെ പറങ്കിമാങ്ങകൾ കായ്കുന്നത് കൊണ്ട് തന്നെ ഒരുപാട് കിളികൾ അവിടെ താവളമൊരുക്കി.പറങ്കിമാവുകൾക്ക് ഉയരം കുറവായിരുന്നതിനാൽ കുട്ടികൾക്ക് കയറാനും ഊഞ്ഞാലാടാനും എളുപ്പമായിരുന്നു .അവധി ദിവസങ്ങളിൽ ഞങ്ങളവിടെ ഒത്തു കൂടും .
ഈ മാവുകൾക്കപ്പുറം ഒരു കനാൽ ഉണ്ട് . രണ്ട് ഭാഗത്തും ടാർ ഇട്ട ഒരിക്കലും വെള്ളം വരാത്ത ഒരു കനാൽ. അത്യാവശ്യം ആഴം ഉള്ളത് കൊണ്ട് കുട്ടികൾക്ക് അങ്ങോട്ടേക്ക് പോവാൻ അനുവാദമില്ലായിരുന്നു.കനാലിനു മുകളിലായി കരിങ്കല്ലിൽ തീർത്ത ഒരു തിണ്ണയുണ്ട് .അതിനെ “കലുങ്ക്” എന്നാണ് പറയുക. .പറഞ്ഞ് പറഞ്ഞ് അത് “കലങ്ങ്” ആയി മാറി.വൈകുന്നേരങ്ങളിൽ പലരും അവിടെയിരുന്ന് സംസാരിക്കുന്നത് കാണാം.അതിന്റെ തൊട്ടടുത്തായി ഒരു പാലമരമുണ്ട്. അതുകൊണ്ട് തന്നെ യക്ഷിക്കഥകൾക്കും പഞ്ഞമില്ലായിരുന്നു.കനാലിനു കുറുകെ ആയി വളരെ തിരക്കേറിയ മെയിൻ റോഡ് .വണ്ടിയുടെ ഹോണുകളും ഉച്ചഭാഷിണിയിലൂടെ ഉള്ള അറിയിപ്പുകളും ഇടയ്ക്കിടെ കേൾക്കാമായിരുന്നു.

ഞങ്ങളുടെ വീടും തറവാടും ഒരു പറമ്പിൽ തന്നെ ആയിരുന്നത് കൊണ്ട് രാവിലെ തന്നെ തറവാട്ടിലേക്ക് പോകും.
ഞാവൽ മരവും താന്നി മരവും പല നിറത്തിലുള്ള ഇലകളുള്ള ബദാം മരവും തറവാട്ടു മുറ്റത്തിന് ഭംഗിയേകി നിൽപ്പുണ്ട് .ഇവയുടെ കായകൾ പെറുക്കി കല്ല് കൊണ്ടിടിച്ചു പൊട്ടിച്ച് തറവാടിന്റെ തിണ്ണയിൽ പോയിരുന്ന് ഞാനും ജബ്‌ബുവും കൂടി കഴിക്കും.
വളരെ വർഷങ്ങൾക്ക് ശേഷമാണ് ഞാവൽ കായ്ച്ചു തുടങ്ങിയത്.അത് മാത്രമാണ് മുറ്റത്ത് ഇപ്പോഴുമുള്ളതും.ബാക്കി എല്ലാം ഓരോ മാറ്റങ്ങൾക്ക് വേണ്ടി മുറിച്ച് മാറ്റി .
തറവാട്ടിൽ മുട്ടനുമ്മയെ (ഉപ്പയുടെ ഉമ്മ-വീട്ടിലെ ഏറ്റവും മുതിർന്ന ആൾ ആയത് കൊണ്ടാണത്രേ വലിയ ഉമ്മ എന്നർത്ഥമുള്ള “മുട്ടൻ ഉമ്മ ” എന്ന പേര് വന്നത് ) കാണാൻ എപ്പോഴും സന്ദർശകരായിരുന്നതിനാൽ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു.മുറുക്കാനുമായി മുട്ടനുമ്മ തിണ്ണയിൽ തന്നെ ഉണ്ടാകും .കൂടെ ഓരോന്ന് സംസാരിച്ച് ഞങ്ങളും അവിടെക്കൂടും. മുറുക്കാൻ ഇടിച്ച് കൊടുക്കുന്ന ജോലി ഞങ്ങൾ പേരക്കുട്ടികൾക്കാണ് .അതിനായി പ്രത്യേക കല്ല് തന്നെയുണ്ട്. .വരുന്നവരൊക്കെ പലഹാരപ്പൊതികളുടെ കൂടെ മുറുക്കാനും കൊണ്ട് വരും. മുറുക്കാൻ തീർന്നാൽ കടയിൽ പോകുന്നവരോട് പറയും “ഇച്ചിരി മുറുക്കാൻ വാങ്ങണേ” എന്ന്. പിന്നെ വാങ്ങാൻ പറയുന്ന മറ്റൊരു സാധനമാണ് “വാതാസനി എണ്ണ”. ആ എണ്ണയുടെ മണമായിരുന്നു മുട്ടനുമ്മാക്ക് . സുപ്രൻ വൈദ്യരുടെ കടയിൽ മാത്രമേ അത് കിട്ടൂ.ആരെങ്കിലും വാങ്ങാൻ പോവുമ്പോൾ ഞാനും കൂടെ പോവും .

അനിയൻ കുഞ്ഞായത് കൊണ്ട് എൻ്റെ ഉമ്മിച്ചാമ്മ (ഉമ്മയുടെ ഉമ്മ ) ഇടയ്ക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വന്ന് നില്കും..ഒരുപാട് കഥകളൊക്കെ പറഞ്ഞ് തരും. പകലൊക്കെ മുട്ടനുമ്മ വന്ന് അനിയനെ കളിപ്പിക്കും .
രണ്ട് ഉമ്മുമ്മമാരും ശാന്തസ്വഭാവക്കാരായിരുന്നു .മക്കളോടോ മരുമക്കളോടോ ഒരിക്കൽ പോലും ശബ്ദമുയർത്തിയതായി ആരും പറഞ്ഞ് കേട്ടിട്ടില്ല..ഞാൻ ജനിച്ചപ്പോൾ മധുരം തന്നത് ഉമ്മയുടെ ഉമ്മ ആയിരുന്നുവത്രേ .പക്ഷെ ആ സ്വഭാവമൊന്നും എനിക്ക് കിട്ടിയിട്ടില്ല എന്ന് ഉമ്മ ഇപ്പോഴും പരിഭവം പറയാറുണ്ട് .

ഉപ്പ മലപ്പുറത്തായിരുന്നതിനാൽ മാസത്തിൽ ഒരു തവണയേ വീട്ടിൽ വരാറുള്ളൂ. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ തിരിച്ച് പോകും.

അങ്ങനെ കൂടുതൽ കളിയും കുറച്ച് പഠിത്തവുമായി ഒന്നാം ക്ലാസ് കഴിഞ്ഞു.

22 thoughts on “തറവാട്

  1. ജീവൻ തുടിക്കുന്ന പച്ചയായ എഴുത്ത്
    വായനക്കാർക്ക് തുടർന്ന് വായിക്കാൻ തോന്നിപ്പിക്കുന്നത്..
    തുടർന്നും പ്രതീക്ഷിക്കുന്നു.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s